‘അജ്വ’ മദീനാ ഈത്തപ്പഴം വില കിലോക്ക് 2000

Monday, July 23, 2012

റമദാന്‍ ഈത്തപ്പഴ വിപണിയില്‍ ഇക്കുറി വൈവിധ്യമേറെ. കിലോക്ക് 2000 രൂപ വിലയുള്ള മദീനയില്‍നിന്നുള്ള മുന്തിയയിനം ‘അജ്വ’യാണ് പ്രധാന ആകര്‍ഷണം. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഇനമാണിത്. പ്രവാചകന്‍െറ കാലത്ത് നോമ്പ് മുറിച്ചിരുന്നത് ‘അജ്വ’ ഉപയോഗിച്ചാണെന്ന പ്രചാരണമാണ് ഇതിന്‍െറ പ്രസിദ്ധിക്ക് കാരണമത്രെ. വിലപിടിപ്പുള്ളതും ഗുണമേന്മയില്‍ മുമ്പനുമായ നാലിനം സൗദി ഇത്തപ്പഴം വിപണിയിലുണ്ടെന്നതാണ് ഇത്തവണത്തെ പ്രത്യേകത. കിലോക്ക് 500 രൂപ വിലയുള്ള ഡെഗ്ലെറ്റ് നൂര്‍, റശ്ദിയാ എന്നിവയും 400 രൂപയുള്ള നാനാന്‍ എന്നിവയും സൗദിയില്‍നിന്ന് എത്തിയതാണ്. നദീദ് ഗള്‍ഫ് ഫാക്ടറിയുടെ പേരിലുള്ള അഞ്ച് കിലോയുടെ പെട്ടികളിലാണ് സൗദി ഈത്തപ്പഴം ഇറക്കുമതി ചെയ്തിരിക്കുന്നത്. മുമ്പ് ഗള്‍ഫ് ബസാറുകളില്‍ ചെറിയ പ്ളാസ്റ്റിക് പാക്കറ്റുകളിലാക്കി മാത്രമാണ് സൗദി ഈത്തപ്പഴം ലഭ്യമായിരുന്നത്. ജോര്‍ദാനില്‍നിന്നുള്ള നീളമേറിയ ഈത്തപ്പഴവും ചില കടകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മധുരവും ജലാംശം കൂടുതലുള്ളതുമാണിത്. ഇത് ഒരു പഴത്തിന് അഞ്ച് സെ.മി വരെ നീളമുണ്ട്. കിലോക്ക് 1400 രൂപയാണ് വില. ഇടത്തരം ഈത്തപ്പഴങ്ങളും സുലഭമാണ്. ഇവക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 മുതല്‍ 50 രൂപവരെ വര്‍ധനയുണ്ട്. ഇറാന്‍ ഇനങ്ങളാണിവയില്‍ കൂടുതലും. ഹാര്‍മണി ഇനത്തിന് കിലോക്ക് 170ഉം മര്‍യാമി ഇനത്തിന് 160ഉം ഫര്‍ദിന് 130ഉം ദഫ്റക്ക് 110ഉം രൂപയാണ് വില. കിലോക്ക് 80 രൂപ വിലയുള്ള ചുവപ്പ് ‘ബറാറി’ ഇനവും സുലഭമാണ്. ഉണക്ക കാരക്കക്ക് കിലോക്ക് 100 രൂപയാണ് വില. മുംബൈ വഴിയാണ് ഈത്തപ്പഴം എത്തുന്നത്. ഒമാന്‍, യു.എ.ഇ, ഇറാന്‍, അള്‍ജീരിയ, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഈത്തപ്പഴം എത്തുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. രാജസ്ഥാനില്‍നിന്നുള്ള പച്ച ഈത്തപ്പഴവും വിപണിയിലുണ്ട്.

0 comments:

Post a Comment