ശിഹാബ് തങ്ങളുടെ സ്മാരകമായി ജില്ലയില്‍ 151 വീടുകള്‍ നിര്‍മിക്കും

Saturday, July 2, 2011

മലപ്പുറം: ശിഹാബ് തങ്ങളുടെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയില്‍ ശിഹാബ് തങ്ങള്‍ ഭവനപദ്ധതി എന്നപേരില്‍ 151 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി. ഇവയുടെ ശിലാസ്ഥാപനം ആഗസ്റ്റ് അഞ്ചിന് വൈകീട്ട് നാലിന് നടക്കും.
വിദ്യാര്‍ഥികളെ തെരുവിലിറക്കി സംസ്ഥാന സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ഇടതുനീക്കം ഹീനമാണെന്ന് യോഗം കുറ്റപ്പെടുത്തി. ഒരു രൂപ അരി ലഭിക്കുന്നതിന് വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിര്‍ദേശം പിന്‍വലിച്ച് ബി.പി.എല്‍ ലിസ്റ്റിലുള്ള എല്ലാവര്‍ക്കും ലഭിക്കാന്‍ നടപടി വേണമെന്ന്  ആവശ്യപ്പെട്ടു.
യു.ഡി.എഫ് സര്‍ക്കാറിന്റെ ജനപ്രിയ പരിപാടികള്‍ വിശദീകരിക്കുന്നതിനും ഇടതുപക്ഷത്തിന്റെ ജനവിരുദ്ധ സമരങ്ങള്‍ തുറന്നുകാണിക്കുന്നതിനുമായി ജൂലൈ 22ന് നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ ജനസദസ്സുകള്‍ സംഘടിപ്പിക്കും. പരിപാടികള്‍ വിശദീകരിക്കുന്നതിന് ജൂലൈ പത്ത്, 17 തീയതികളില്‍ ജില്ലയില്‍ നാല് മേഖലാ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കും.
ജുലൈ അവസാന വാരം നിലമ്പൂരില്‍ ബനാത്ത്‌വാല അനുസ്മരണം സംഘടിപ്പിക്കാനും തീരുമാനിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.വി. മുഹമ്മദ് അരീക്കോട് അധ്യക്ഷത വഹിച്ചു.
മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ്, ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ഹമീദ്, പി.എം.എ. സലാം, കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി, മുഹമ്മദുണ്ണി ഹാജി എം.എല്‍.എ തുടങ്ങിയവര്‍ സംസാരിച്ചു. ടി.വി. ഇബ്രാഹിം നന്ദി പറഞ്ഞു.

0 comments:

Post a Comment