വിദ്യാര്‍ഥിനി ഒഴുക്കില്‍പ്പെട്ട് മരിച്ച തോടിന് കുറുകെ നബാര്‍ഡ് സഹായത്തോടെ പാലം

Saturday, July 2, 2011

തേഞ്ഞിപ്പലം: വിദ്യാര്‍ഥിനി ഒഴുക്കില്‍പെട്ട് മരിച്ച പുത്തൂര്‍പള്ളിക്കല്‍ പാത്തിക്കുഴിയില്‍ നബാര്‍ഡ് സഹായത്തോടെ പാലം പണിയുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്. സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പാലത്തിനുവേണ്ടി സര്‍വേ, ബോറിങ്, മണ്ണ് പരിശോധന, അലൈന്‍മെന്റ്, രൂപരേഖ, എസ്റ്റിമേറ്റ് എന്നിവ തയാറാക്കാന്‍ പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ ടി. ബാബുരാജിന് മന്ത്രി നിര്‍ദേശം നല്‍കി.
മൂന്നരക്കോടിയോളം രൂപ ചെലവഴിച്ചായിരിക്കും പാലം പണിയുക. പള്ളിക്കല്‍, പെരുവള്ളൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് നിര്‍ദിഷ്ട പാലം. ഇരുകരയിലും അപ്രോച്ച് റോഡുകള്‍ നിര്‍മിച്ചിട്ട് പതിറ്റാണ്ടോളമായി. ആഴ്ചകള്‍ക്ക് മുമ്പ് ഇവിടെ പുത്തൂര്‍പള്ളിക്കല്‍ വി.പി.കെ.എം.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി അസ്‌ന ലുലു ഒഴുക്കില്‍പെട്ട് മരിച്ചിരുന്നു. ഇതോടെയാണ് പാലത്തിന് വേണ്ടി വീണ്ടും ആവശ്യം ശക്തമായതും എം.എല്‍.എ ഇടപെട്ട് പാലത്തിന് ശ്രമം തുടങ്ങിയതും. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, മുന്‍ പി.എസ്.സി അംഗം ഡോ. വി.പി. അബ്ദുല്‍ ഹമീദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ടി. കുഞ്ഞാപ്പുട്ടി ഹാജി, മുസ്തഫ തങ്ങള്‍, കള്ളിയില്‍ ഫിറോസ്, ജില്ലാ പഞ്ചായത്തംഗം എ.കെ. അബ്ദുറഹ്മാന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുല്‍ ശുക്കൂര്‍, പള്ളിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. വത്സല, ജയനിദാസ്, കെ.എം. ചെറീത്, കെ. കലാം എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

0 comments:

Post a Comment