ഇന്ത്യയിലെ ഏറ്റവും ധനികമായ ക്ഷേത്രങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള നിലവറയുടെ പരിശോധന പൂര്‍ത്തിയായപ്പോള്‍ അമൂല്യവിഗ്രഹവും വിലമതിക്കാനാകാത്ത രത്‌നശേഖരവും കണ്ടെത്തി. ആറ് ദിവസമായി നീളുന്ന പരിശോധനയില്‍ ഇതുവരെ കണ്ടെത്തിയ സ്വര്‍ണത്തിന്റെയും രത്‌നങ്ങളുടേയും മൂല്യം 90,000 കോടി രൂപ കവിയുമെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ പൈതൃകമൂല്യം തിട്ടപ്പെടുത്തിയിട്ടില്ല.

എ അറയുടെ പരിശോധനയാണ് ശനിയാഴ്ച പൂര്‍ത്തിയായത്. വര്‍ഷങ്ങളായി തുറക്കാതിരുന്ന ബി അറയും നിത്യപൂജക്കുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്ന മറ്റൊരു അറയുമാണ് ഇനി പരിശോധിക്കാനുള്ളത്. കഴിഞ്ഞദിവസം എ അറയുടെ 75 ശതമാനത്തോളം പരിശോധനമാത്രമാണ് പൂര്‍ത്തീകരിക്കാന്‍ സാധിച്ചിരുന്നത്. തുടര്‍പരിശോധനയാണ് ഇന്നലെ നടന്നത്. വൈകുന്നേരം അഞ്ച് മണിയോടെ ഈ നിലവറയുടെ പരിശോധന പൂര്‍ത്തിയാക്കി. ഈ അറയില്‍ നിന്നാണ് മഹാവിഷ്ണുവിന്റെ അമൂല്യവിഗ്രഹം കണ്ടെത്തിയത്. നാലര അടി പൊക്കമുള്ള വിഗ്രഹത്തില്‍ ആയിരത്തിലധികം അപൂര്‍വ രത്‌നങ്ങള്‍ പതിച്ചിട്ടുണ്ട്. രത്‌നക്കല്ലിന്റെ മൂന്ന് ചിരട്ടകളാണ് കണ്ടെത്തിയത്. നവരത്‌നങ്ങളാണ് വിഗ്രഹത്തില്‍ പതിച്ചിട്ടുള്ളതില്‍ ഏറെയും. 500 കോടിയിലധികം രൂപയുടെ മതിപ്പാണ് ഈ വിഗ്രഹത്തിന് കണക്കാക്കുന്നത്. വര്‍ഷങ്ങളായി അറയില്‍ സൂക്ഷിച്ചതിനാല്‍ ചില കേടുപാടുകള്‍ വിഗ്രഹത്തിന് സംഭവിച്ചിട്ടുണ്ടെന്നാണറിയുന്നത്. ഏതെങ്കിലും ക്ഷേത്രങ്ങളില്‍ ആരാധനാമൂര്‍ത്തിയായിരുന്നതോ, അല്ലെങ്കില്‍ ഏതെങ്കിലും രാജാക്കന്മാര്‍ നേര്‍ച്ചയായി സമര്‍പ്പിച്ചതോ ആകാമെന്ന് വിലയിരുത്തപ്പെടുന്നു.
സ്വര്‍ണ വളകള്‍, മാലകള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. വിഗ്രഹം മുഴുവന്‍ രത്‌നങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്. 35 കിലോഗ്രാം തൂക്കമുള്ള തങ്കഅങ്കിയും കണ്ടെത്തി. ഇതിന് 18 അടി നീളമുണ്ടെന്നാണ് കണക്കാക്കുന്നത്. 25 കിലോഗ്രാം വീതം തൂക്കമുള്ള നാല് അരപ്പട്ടകള്‍ കണ്ടെടുത്തിട്ടുണ്ട്. വിഗ്രഹത്തിന്റെ നെഞ്ചിലിടുന്ന പത്തോളം പ്രത്യേക സ്വര്‍ണമാലകള്‍, നാഗത്തിന്റെ ആകൃതിയിലുള്ള പ്രത്യേക മാലകള്‍ എന്നിവ കണ്ടെടുത്തവയില്‍ ഉള്‍പ്പെടും.
ഇതിന് പുറമെ 15 കിലോഗ്രാം വീതം ഭാരമുള്ള 25 ഓളം മാലകള്‍ കണ്ടെടുത്തതായും വിവരമുണ്ട്. ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ഒരുകിലോയോളം വരുന്ന ആള്‍രൂപവും കൃഷ്ണദേവരായരുടെ കാലത്തുള്ളതുള്‍പ്പെടെ നിരവധി സ്വര്‍ണനാണയ ശേഖരവും കണ്ടെത്തിയിട്ടുണ്ട്. രാജഭരണകാലത്ത് ശിക്ഷിക്കപ്പെടുമ്പോള്‍ പ്രായശ്ചിത്തമായി സമര്‍പ്പിക്കാറുള്ള സ്വര്‍ണചങ്ങലകള്‍, മരതകം, പുഷ്യരാഗം തുടങ്ങിയ അപൂര്‍വ രത്‌നക്കല്ലുകള്‍ തുടങ്ങിയവ ക്ഷേത്രത്തിലെ എ അറയിലെ നിധിശേഖരത്തില്‍ ഉള്‍പ്പെടും. സ്വര്‍ണനാണയങ്ങള്‍ കിഴികെട്ടിയ നിലയിലായിരുന്നു.
സുപ്രീംകോടതി നിയോഗിച്ച മുന്‍ ജഡ്ജിമാരായ എം.എന്‍. കൃഷ്ണന്‍, സി.എസ്. രാജന്‍, ആഭ്യന്തരസെക്രട്ടറി കെ.ജയകുമാര്‍, പുരാരേഖ വകുപ്പ്ഡയറക്ടര്‍ റെജികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് എ അറയുടെ പരിശോധന നടത്തിയത്.
വര്‍ഷങ്ങള്‍ പഴക്കമുള്ള ബി നിലവറയുടെ പരിശോധനയും ദിവസേനയുള്ള ക്ഷേത്രകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സാധനങ്ങള്‍ വെക്കുന്ന ഇ അറയുടേയും പരിശോധനയാണ് ശേഷിക്കുന്നത്.
ഞായറാഴ്ച പരിശോധനയില്ല. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ ഇ അറയുടെ പരിശോധന നടക്കുമെന്നാണ് വിവരം. ക്ഷേത്രനട അടക്കുന്ന ഉച്ചക്ക് 12 നും നാലിനും ഇടയില്‍ മാത്രമേ ഈ അറയുടെ പരിശോധന നടത്താനാകൂ.
ബി അറയുടെ പരിശോധന വൈകുമെന്ന സൂചനയാണ് ലഭിക്കുന്നത്. നേരത്തെ ബി അറയുടെ രണ്ട് വാതിലുകള്‍ തുറന്നെങ്കിലും ഉരുക്കുകൊണ്ടുള്ള വാതില്‍ തുറക്കാന്‍ സാധിച്ചില്ല. ഇരുമ്പ് കട്ടര്‍ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ഈ ഉരുക്ക്കവാടത്തിലെ പൂട്ട് പൊളിക്കാന്‍ സാധിക്കുമോയെന്ന വിലയിരുത്തലും നടത്തിയിട്ടുണ്ട്. എന്നാല്‍ ഇത് സുപ്രീംകോടതിയുടെ അനുമതിയോടെ മാത്രം നടത്തിയാല്‍ മതിയെന്നാണ് തീരുമാനം. ഇതുവരെ നടന്ന പരിശോധനയുടെ വിശദാംശങ്ങളടങ്ങിയ ഇടക്കാല റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചശേഷം കോടതിയുടെ അനുമതിയോടെയാകും ബി കല്ലറ തുറക്കുന്നത്.
അതിനിടെ പരിശോധനക്കെതിരെ ഭക്തരുടെ പ്രതിഷേധം വ്യാപകമാകുകയാണ്. പരാതിക്കാരനായ ടി.പി. സുന്ദരരാജനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധപ്രകടനങ്ങള്‍ ക്ഷേത്രപരിസരത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇദ്ദേഹത്തിന്റെ വീടിനും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ക്ഷേത്രത്തിന്റെ സുരക്ഷയും ശക്തിപ്പെടുത്തിയിട്ടുണ്ട്. പരിശോധന സംബന്ധിച്ച വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറുന്നതിലും കര്‍ശന വിലക്കാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.